Tuesday, 21 June 2016

മൃതസഞ്ജീവനി 
=============================================
നീ തിന്നതൊക്കെയും വിഷാഹാരമല്ലേ 
നീ കുടിച്ചതൊക്കെയും വിഷസലിലമല്ലേ 
പ്രാണന്‍റെ ജീവനായി നീ കാത്ത വായുവും 
വിഷാഗ്നിയായി നിന്നെ തിന്നുതീര്‍ത്തു .

.
നാളേക്കു നീയെന്ത് കാത്തുവച്ചു ?
എണ്ണമറ്റ ആതുരാലയങ്ങളോ അതോ
ശാന്തികവാടമോ മൃത്സഞ്ജീവനിയായി.
അഗസ്ത്യ ഇനിയെനിക്കങ്ങു മാപ്പേകുമോ
വന്യമാം നിശബ്ദത തുടികൊട്ടി പാടുന്ന
മേഘ ശകലങ്ങളെ മഴതുള്ളിയാക്കുന്ന
ശൈല ശൃംഗങ്ങളിലുറങ്ങുന്ന കാറ്റിന്‍റെ
വന്യതയില്‍ ലയിച്ചു ഞാന്‍ വെറുമൊരു
മഴക്കിനാവിന്‍റെ തേങ്ങലായി കൊറ്റ്കാക്കുന്നു.
.
ശാന്തമായി ഉറങ്ങുന്ന മാമലമേടിനെ-
ശക്തിയാം പ്രകൃതിയെ കുത്തിനോവിച്ചതോ
ഹൃദയതുടി താളം പ്രകമ്പിതമാക്കിയോ
തൃക്കണ്‍ തുറന്നഗ്നി ഭസ്മീകരിച്ചുവോ
നാഗസത്യങ്ങള്‍ ഗൃഹംവിട്ടൊഴിഞ്ഞുവോ
വന്യമാം മാനവകുലത്തിന്‍റെ മരണമന്ത്രങ്ങളോ .
മാനവകുലത്തിന്‍റെ മരണമന്ത്രങ്ങളോ .
.
.ഒച്ചയുണ്ടാക്കാതെ അനങ്ങാതെ
തരുക്കളെ കൊന്നു തിന്നാതെ .
പ്രാണന്‍ സ്പുരിക്കുന്ന വായുവില്‍ -
വിഷപ്പുക തുപ്പാതെ.
ജീവന്‍ മുളയ്ക്കുന്ന നീര്‍നാമ്പുകള്‍
കറുത്ത വിഷത്തുള്ളിയാക്കാതെ
.കത്തിജ്വലിക്കുന്ന സൂര്യ നിന്‍ തപസാം–
അഗ്നിയില്‍ ഭൂമി വെന്തുരുകുന്നു .
.
ചുട്ടമണ്ണിന്‍റെ അന്ത്യശ്വാസം ഉയര്‍ന്നഗ്നിയായി
കുത്തിനോവിക്കുന്നു ശിലാ മഞ്ഞുപാളിയെ
കുത്തൊഴുക്കായി പിന്നെ പ്രളയമായി
പ്രാണന്‍റെ തേങ്ങാലായി കരയെടുക്കും.
.
അഗസ്ത്യ ഇനിയെനിക്കങ്ങു മാപ്പേകുമോ
നീരിലെ ജീവന്‍റെ തുള്ളിതുടിപ്പുകള്‍
ചത്തു വെണ്ണീറകുവാന്‍ വിഷക്കറതൂവിയ
മാനവകുലത്തിനങ്ങു മാപ്പേകുമോ .
.
നെയ്യാര്‍ മെലിഞ്ഞുണങ്ങി കരയുന്നു
അവസാന തുള്ളിയും വിഷമായി
മൃതസഞ്ജീവനിയാം നെയ്യാര്‍ മൃതുവിന്‍
തേങ്ങലായി വിഷം തുപ്പി കരയുന്നു
.
നാളേക്കുവേണ്ടി നീകാത്തതൊക്കെയും
മലിനമായി ജീവന്‍ കവരുന്നു .
ഒരു പിഞ്ച്പൈതലാം പ്രകൃതിതന്‍
നിലവിളി മഴക്കെടുതിയായി അഗ്നിയായി
ചുട്ടമാംസത്തിന്‍റെ ഗന്ധം പരത്തുന്നു
.
നാളേക്ക് നീ കാത്തതൊക്കെയും ശൂന്യമായി
പുണ്യം നശിക്കുന്ന പാപ ഗംഗ .
ശൈലശൃംഗത്തിന്‍റെ തേങ്ങലോ ശാപമോ
തപം ചെയിത് നീ തീര്‍ത്ത പുണ്യഭൂവില്‍
.
ഏകമാം ശാന്തത ഓംകാര ശബ്ദമായി
നീ യേകനായി ഇനി ഞാന്‍ മലയിറങ്ങട്ടെ
ജീവന്‍റെ ബാലികേറാമല വിട്ടന്യമായി
വിഷചാറ് കുടിച്ച് ദാഹം മാറ്റട്ടെ
.
.നീ തിന്നതൊക്കെയും വിഷാഹാരമല്ലേ
നീ കുടിച്ചതൊക്കെയും വിഷസലിലമല്ലേ
പ്രാണന്‍റെ ജീവനായി നീ കാത്ത വായുവും
വിഷാഗ്നിയായി നിന്നെ തിന്നുതീര്‍ത്തു
നാളേക്കു നീയെന്ത് കരുതി പുതുനാംപിന്
എണ്ണമറ്റ ആതുരാലയങ്ങളോ അതോ
ശാന്തികവാടമോ മൃതസഞ്ജീവനിയായി ...
.
അനില്‍കുമാര്‍പി ശിവശക്തി.

Sunday, 12 June 2016


വിരഹം പിന്നെയും
=================================================
കരള്‍കവിഞ്ഞൊഴുകുന്ന പ്രണയമേ
കരം വെടിഞെങ്ങു നീ പോയി മറഞ്ഞു .
മഴവന്ന് ചാരത്ത് അണയുന്ന നേരത്ത് 
നേര്‍ത്ത കുളിരിന്‍ തലോടലായി നീ വരില്ലേ .
.
.ജാലകചില്ലകള്‍ കാറ്റേറ്റ് വാടുമ്പോള്‍
കൊഴിയാ സുമത്തേരില്‍ എത്തിടില്ലെ
താരകം പൂക്കുന്ന ആകാശ വാടിയില്‍
ഒരു നിലാപൂമഴ പൊഴിക്കുകില്ലേ .
.
ഗഗനേ ചരിക്കുന്ന മഴനിഴല്‍ തുള്ളിയായി -
കൂര്‍ത്ത ശരമായി പതിച്ചു നീ മാനസത്തില്‍ .
പുകയുന്ന ഓങ്കാരസൌരാഗ്നിയായി നീ
പ്രാണനെടുക്കുവാന്‍ ശരം തൊടുത്തോ .
എന്‍റെ പ്രാണനെടുക്കാന്‍ ശരം തൊടുത്തോ.
.
നിഴല്‍പൂത്ത രാവില്‍ ഞാനേകനായി -
ഒഴുകുന്നനിള തീര്‍ത്ത വേദന പ്രളയ രൌദ്രം .
ഇനിവരും നാളില്‍ നാം ഒരുമാത്ര കാണാതെ
ചിറകറ്റ് വീണ മഴശലഭമോ നാം ......
ചിറകറ്റ് വീണ മഴശലഭമോ .
.
ഒരു മഞ്ഞുതുള്ളിപോല്‍ നീ അടര്‍ന്നന്നു
എന്‍റെ നെറുകയില്‍ ചാലിച്ച പ്രണയ സൌധം.
ഇലകൊഴിഞ്ഞന്യമായി ചിതല്‍കാര്‍ന്ന് തിന്നുവാന്‍ -
തരം കൊടുക്കാതെ ഞാന്‍ കാത്തുവച്ചു
എന്‍റെ മാനസ്സചെപ്പില്‍ നീ വസന്തമായി
എന്‍റെ മാനസ്സചെപ്പില്‍ നീ വസന്തമായി ..
.
തീരത്ത് തലതല്ലി പിരിയുന്ന പ്രണയമേ
ഇനിയെത്ര രാവുകള്‍ പകലുകള്‍
നീ തീര്‍ത്ത വറുതിയില്‍ ചുട്ടുനീറ്റും
എന്‍റെ ശേഷിച്ച ജീവന്‍റെ അവസാനനാളം
നിനക്കേകി ഇനി യാത്രയായി ഞാന്‍
ജീവന്‍റെ വിളി വിട്ടിനി യാത്രയായി .
അനില്‍കുമാര്‍പി ശിവശക്തി
( ഒരു കുടിയന്‍ പാട്ട്).
--------------------------------------------------.
.
വെള്ളമടിച്ച് പാടണ്ടേ ഇനി
പാടണ്ടാന്ന്
പുകവലിച്ചിനി ഊതണ്ടേ ഇനി
ഊതണ്ടന്നേ
കള്ളുകുടിച്ച് കളിക്കണ്ടേ ഇനി
കളിക്കണ്ടാന്ന്
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
(വെള്ള...).
.
ആകാശത്ത് അമ്പിളിയുണ്ടോടാ
ഇല്ലായെ
വെള്ളത്തില്‍ വീണുകിടപ്പാണോ
ഉണ്ടായേ
പാതാളകരണ്ടി വേണോടാ
വേണ്ടായേകൈകുമ്പിളില്
കോരിയെടുക്കോട
എടുക്കാമേ
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
.(വെള്ള).
വെള്ളമടിച്ച് പാടണ്ടേ ഇനി
പാടണ്ടാന്ന്
പുകവലിച്ചിനി ഊതണ്ടേ ഇനി
ഊതണ്ടന്നേ
കള്ളുകുടിച്ച് കളിക്കണ്ടേ ഇനി
കളിക്കണ്ടാന്ന്
അപ്പം ഞങ്ങടെ കാര്യം കഷ്ട്ട്ടത്തിലായി
കഷ്ട്ട്ടത്തിലായി കഷ്ട്ട്ടത്തിലായി.
.
അനില്‍കുമാര്‍പി ശിവശക്തി.